നെടുങ്കണ്ടം: മഴയില്‍ നനഞ്ഞുകുളിച്ച് നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്. ഏതാനും വർഷങ്ങൾക്കു മുന്‍പു മാത്രം ഉദ്ഘാടനം നടന്ന കെട്ടിടത്തില്‍ ജീവനക്കാര്‍ കുട ചൂടി ഇരിക്കേണ്ട അവസ്ഥയിലാണ്.
2013ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പല ഭാഗത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മേല്‍ക്കൂരയിലെ വിള്ളലില്നിന്നും തൂണുകളിലൂടെയാണ് മഴവെള്ളം താഴേയ്ക്ക് ഒലിച്ചിറങ്ങുന്നത്. വെള്ളം ഇറങ്ങി കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ തുരുമ്പിച്ച അവസ്ഥയിലാണ്. തൂണുകളിലും വിള്ളലുകള്‍ വ്യാപകമാണ്. വെള്ളം ചോര്‍ന്നൊലിച്ച് കഴിഞ്ഞ വര്‍ഷം പല ഓഫീസുകളുടെയും ഫയലുകള്‍ നന്നഞ്ഞിരുന്നു. ഫയലുകള്‍ ഓഫീസിലെ മറ്റിടങ്ങളിലേക്കു മാറ്റി ക്രമീകരിച്ചാണ് അന്ന് താത്കാലികമായി പ്രശ്നം പരിഹരിച്ചത്.
ഇത്തവണ ശക്തമായ മഴ പെയ്യാതിരുന്നിട്ടും ഓഫീസുകള്‍ ചോരുന്ന അവസ്ഥയിലാണ്. ചോര്‍ച്ചയെപ്പറ്റി ജീവനക്കാര്‍ പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വതമായ നടപടി ഉണ്ടായില്ല. ഇളകിയ കോണ്‍ക്രീറ്റ് ഭാഗങ്ങളില്‍ തകരഷീറ്റ് ഒട്ടിച്ചത് മാത്രമാണ് കഴിഞ്ഞ വര്‍ഷം ആകെ ചെയ്തത്. വിള്ളല്‍ കാഴ്ചയില്‍നിന്നും മറഞ്ഞുവെന്നതല്ലാതെ വെള്ളം ഒലിച്ചിറങ്ങുന്നതിന് പരിഹാരമുണ്ടാക്കാന്‍ സാധിച്ചില്ല. മഴ കനത്താല്‍ വെള്ളം മൂന്നു നിലകളുടെയും വരാന്തയിലും തളം കെട്ടി നില്ക്കും. മിനുസമുള്ള ടൈലുകള്‍ വിരിച്ച ഇവിടെ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വലിയ അപകടത്തിന് കാരണമാകും.
മുന്നൂറോളം ജീവനക്കാരും ആയിരക്കണക്കിന് പൊതുജനങ്ങളും എത്തുന്ന ഇവിടെ ആശങ്കയോടെ വേണം സഞ്ചരിക്കാന്‍. കെട്ടിടത്തിന്റെ നടുമുറ്റത്തിന് മുകളില്‍ ഇട്ടിരിക്കുന്ന റൂഫിംഗ് ഷീറ്റും പൊട്ടിത്തകര്‍ന്ന അവസ്ഥയിലാണ്. ചില സര്‍ക്കാര്‍ പരിപാടികളുടെ വേദിയായും ഉപയോഗിച്ചു വരുന്നതാണ് ഇവിടം. ഉടുമ്പന്‍ചോല താലൂക്ക് പട്ടയ ഓഫീസുകള്‍, ജോയിന്റ് ആര്‍ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, താലൂക്ക് വ്യവസായ ഓഫീസ്, പട്ടികജാതി വികസന ഓഫീസ്, സര്‍വേ സൂപ്രണ്ട് ഓഫീസ് അടക്കം താലൂക്കിലെ പ്രധാനപ്പെട്ട പത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത്.
ടെറസാണ്, ജലസംഭരണിയല്ല
ടെറസില്‍ വീഴുന്ന വെള്ളം കൃത്യമായി പുറത്തേയ്ക്ക് ഒഴുക്കിക്കളയാനും ആരും ശ്രമിക്കുന്നില്ല. ടെറസില്‍ പലയിടത്തും വെള്ളം കെട്ടി നില്‍ക്കുകയാണ്. വെള്ളം പുറത്തേക്ക് ഒഴുകാന്‍ ഓവുകള്‍ ഉണ്ടെങ്കിലും അതെല്ലാം അടഞ്ഞ നിലയിലാണ്. ഇവ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞാല്‍ തന്നെ ചോര്ച്ചാപ്രതിസന്ധി വലിയൊരളവുവരെ താത്കാലികമായി പരിഹരിക്കാം. വര്‍ഷങ്ങളോളം വെള്ളം കെട്ടിക്കിടന്ന് ടെറസിന് മുകളിലെ പ്ലാസ്റ്ററിംഗും വ്യാപകമായി ഇളകിയ നിലയിലാണ്.